About Us

1914- ൽ അന്നത്തെ ഇടവക മെത്രാപ്പോലീത്തയായിരുന്ന ആലുവായിലെ പരിശുദ്ധവലിയ തിരുമേനിയുടെ ആത്മീയനേതൃത്വത്തിൽ പടുത്തുയർത്തപ്പെട്ട ദൈവാലയം; ആരാധനയർപ്പിച്ച് അനുഗ്രഹീതമാകവെ മോടിപിടിപ്പിച്ച് ഭംഗിയാക്കി. കൽക്കുന്നേൽപ്പള്ളി ഈ ദേശത്തിൻ്റെ ചൈതന്യവും, വെളിച്ചവുമായി നാനാജാതിമതസ്ഥർക്ക് ആശ്രയകേന്ദ്രമായി വളർന്നു.

ദൈവാശ്രയബോധത്തോടുകൂടിയ പ്രാർത്ഥനയും ആലോചനയും മൂലം ഈ ദൈവാലയം നാൾക്കുനാൾ അഭിവൃദ്ധിപ്രാപിച്ചുവന്നു. അന്ത്യോഖ്യാ മലങ്കരബന്ധത്തിൻ്റെ അസ്‌തമിക്കാത്ത സൂര്യൻ പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ നാമത്തിൽ 1939-ൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുവാനും പൂർവ്വികരുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം മൂലം കേരളത്തിൽ ഇന്ന് അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമായി മാർ ഏലിയാസ് ഹയർ സെക്കൻററി സ്‌കൂൾ പ്രശസ്‌തിയാർജ്ജിക്കുവാനും ഇടയാക്കിയ ദൈവത്തെ സ്‌തുതിക്കുന്നു.

വർഷങ്ങൾക്കുമുമ്പ് ദൈവാലയത്തിൻ്റെ മുറ്റത്തുള്ള അനുബന്ധ കെട്ടിടങ്ങളിൽ 1970 കാലഘട്ടം വരെ ആശാൻ കളരി പ്രവർത്തിച്ചിരുന്നു. 1979 മുതൽ പള്ളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പുലരി ഇംഗ്ലീഷ് മീഡിയം സ്കൂൾ ആരംഭിക്കുകയും തുടർന്ന് 23.04.85 ൽ പള്ളിക്കു കൈമാറുകയും ഇന്നത് അറിയപ്പെടുന്ന സെന്റ് ജോർജ്ജ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആയി പ്രവർത്തിച്ചു വരികയും ചെയ്യുന്നു. 2004-ൽ പള്ളി ഒരു സി.ബി.എസ്.ഇ സ്കൂ‌ൾ ആരംഭിക്കുകയും സെന്റ് ജോർജ്ജ് പബ്ലിക് സ്‌കൂൾ അഫിലിയേഷൻ ലഭിച്ച് നല്ലരീതിയിൽ പ്രവർത്തിച്ചുവരുന്നു. 2006 -ൽ ആരംഭിച്ച മാർ ഏലിയാസ് ആർട്സ് കോളേജും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. അങ്ങനെ 4 വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി അഭിവൃദ്ധി പ്രാപിച്ച് ദൈവാനുഗ്രഹത്താൽ മുന്നോട്ടുപോകുന്നു. ആത്മീയ രംഗത്തും ചൈതന്യമാണീ ദൈവാലയം. നല്ല രീതിയിൽ പ്രവർത്തിക്കുന്ന യൂത്ത് അസോസ്സിയേഷൻ, വനിതാസമാജം, സൺഡേ സ്‌കൂൾ, 2012 – ൽ ആരംഭിച്ച കുടുംബയൂണീറ്റുകൾ എല്ലാം ദൈവാനുഗ്രഹത്താൽ ഭംഗിയായി നടന്നുവരുന്നു.

ഈ പള്ളിയിലെ പ്രഥമ വികാരിയായിരുന്ന പാറപ്പാട്ട് ഗീവറുഗീസ് കത്തനാർ തുടങ്ങി ഇന്നുവരെയുള്ള ബഹു മാനപ്പെട്ട വൈദികരുടെ ആത്മീയ നേത്യത്വവും ഇടവക ജനങ്ങളുടെയും കാലാകാലങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഭരണസമിതികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഈ ദൈവാലയത്തെ വളർച്ചയുടെ പന്ഥാവിലൂടെ ദൈവം നയിക്കുന്നു.

1982 മാർച്ച് 2-ാം തീയതി ആകമാനസുറിയാനിസഭയുടെ പരമമേലദ്ധ്യക്ഷൻ മോറാൻമോർ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പ്രാത്രിയർക്കീസ് ബാവ തിരുമനസ്സുകൊണ്ട് ഈ പള്ളിയിൽ എഴുന്നള്ളിവന്നനുഗ്രഹിച്ചതോർത്ത് ദൈവത്ത സ്തു‌തിക്കുന്നു. 13/02/1985 – ൽ ഇടവക മെത്രോപ്പോലീത്തയായിരുന്ന അഭി.തോമസ് മോർ ദീവന്നാസിയോസ് തിരുമനസ്സുകൊണ്ട് (ശ്രേഷ്ഠ കാതോലിക്കാബാവാ തിരുമനസ്സുകൊണ്ട്) പ. ഇഗ്നാത്തിത്തോസ് ഏലിയാസ് തൃതീയൻ ബാവാ യുടെ തിരുശേഷിപ്പ് ഈ പള്ളിയിൽ സ്ഥാപിച്ചത് ഇടവകയ്ക്ക് അനുഗ്രഹമായിത്തീർന്നു. കൂടാതെ 2007-ൽ ഈ പള്ളി യുടെ ശതാബ്ദി ആഘോഷം ദൈവകൃപയാൽ ശ്രേഷ്‌ഠ കാതോലിക്കാബാവാ തിരുമനസ്സിൻ്റെ പ്രധാനകാർമ്മികത്വത്തിൽ വിപുലമായി ആഘോഷിക്കുവാൻ സാധിച്ചതിൽ ദൈവത്തെ മഹത്വപ്പെടുത്തുന്നു.

ഇടവക ജനങ്ങൾ വർദ്ധിക്കുകയും, യുഗങ്ങൾ പിന്നിടുകയും ചെയ്‌തപ്പോൾ പള്ളി മനോഹരവും അനുഗ്രഹീതവു മായിത്തീർന്നു. എങ്കിലും സ്ഥലപരിമിതിയും പഴക്കവും ദൈവാലയം പുനർനിർമ്മിക്കണമെന്ന ചിന്ത ഇടവകജനങ്ങളിൽ ഉടലെടുക്കുവാൻ ഇടയായിത്തീർന്നു. ദൈവക്യപയാൽ പള്ളി വികാരിയുടെ അദ്ധ്യക്ഷതയിൽ 2012 – ൽ കൂടിയ ഇടവക പൊതുയോഗം പള്ളി പുനർനിർമ്മിക്കുന്നതിന് തീരുമാനമെടുത്തു. 2015 നവംബർ മാസം എട്ടാം തീയതി ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ മുഖ്യ കാർമികത്വത്തിൽ പുതിയ ദേവാലയത്തിന്റെ വിശുദ്ധ മൂറോൻ കൂദാശ നിർവഹിച്ചു.